അടുത്തിടെ കാജല്‍ അഗര്‍വാള്‍, ദുല്‍ഖര്‍ സല്‍മാനൊപ്പം പുതിയ സിനിമ ഉടന്‍ ചെയ്യുമെന്നറിയിച്ചിരുന്നു. പ്രൊജക്ടിനെ സംബന്ധിച്ച പല വാര്‍ത്തകളും ഇതിന് ശേഷം വന്നു. പുതിയതായുള്ള വാര്‍ത്ത ഇരുവരും ഒന്നിക്കുന്നത് പ്രശസ്ത ഡാന്‍സ് മാസ്റ്റര്‍ ബൃന്ദ മാസ്റ്ററിന്റെ ആദ്യസംവിധാനസംരംഭത്തിലാണെന്നതാണ്. എന്നാല്‍ സിനിമയെ കുറിച്ചുള്ള മറ്റുവിവരങ്ങളൊന്നും ലഭ്യമല്ല. റിലയന്‍സ് എന്റര്ടെയ്ന്മെന്റ് സിനിമ നിര്‍മ്മിക്കുമെന്നും , ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് അറിയുന്നത്.
ഇന്ത്യന്‍ സിനിമയിലെ വളരെ പോപുലറായിട്ടുള്ള ഡാന്‍സ് കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് ബൃന്ദ. വിവിധ ഭാഷകളിലായി രാജ്യത്തെ പ്രശസ്ത നായകന്മാര്ക്കൊപ്പമെല്ലാം 100ലധികം സിനിമകളില്‍ വര്‍ക്ക ചെയ്തിട്ടുണ്ട്. ദുല്‍ഖറും കാജലും മുമ്പ് ഒരുമിച്ചഭിനയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവരുടെ ഓണ്‍സ്ക്രീന്‍ കെമിസ്ട്രി എന്തായിരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
ദുല്‍ഖര്‍ നിലവില്‍ കുറുപ്പ് സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിലാണ്. ജോയ് മാത്യുവിനൊപ്പം ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍, റോഷന് ആന്‍ഡ്രൂസിന്റെ പോലീസ് സിനിമ എന്നിവയാണ് മറ്റു സിനിമകള്‍. താരത്തിന്റെ അടുത്ത റിലീസ് വരനെ ആവശ്യമുണ്ട്, പ്രശസ്ത സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്ശന് എന്നിവര്ക്കൊപ്പമെത്തുന്നു.
കാജല്‍ അഗര്‍വാള്‍ കമല്ഹാസന്- ശങ്കര്‍ കൂട്ടുകെട്ടിന്റെ ഇന്ത്യന്‍ 2വിന്റെ ഭാഗമാകുന്നു. കൂടാതെ മള്‍ട്ടിസ്റ്റാര്‍ ബോളിവുഡ് സിനിമ മുംബൈ സാഗയിലും താരമെത്തുന്നു.