Categories
Film News

സുരേഷ് ഗോപി സിനിമ കാവല്‍ ഡബ്ബിംഗ് ജോലികളാരംഭിച്ചു

സുരേഷ് ഗോപി ചിത്രം കാവല്‍ ലോക്ഡൗണിന് മുമ്പ് അവസാനഘട്ട ചിത്രീകരണത്തിലായിരുന്നു. 10ദിവസത്തെ ഷൂട്ടിംഗ് ബാക്കിയുള്ളപ്പോഴാണ് ലോക്ഡൗണ്‍ ആരംഭിച്ചത്. ചിത്രീകരണം ബാക്കിയുള്ളപ്പോള്‍ തന്നെ സിനിമയുടെ പോസ്റ്റ്‌പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ് അണിയറക്കാര്‍. ഡബ്ബിംഗ് ജോലികളാണാരംഭിച്ചിരിക്കുന്നത്.

സുരേഷ്‌ഗോപി മാസ് തിരിച്ചുവരവിനൊരുങ്ങുന്ന സിനിമയാണിത്. കസബ ഫെയിം നിതിന്‍ രഞ്ജി പണിക്കര്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമ. ആക്ഷന്‍ ഫാമിലി ഡ്രാമയാണ് സിനിമ. ഇടുക്കി ഹൈറേഞ്ചുകളില്‍ രണ്ട് കാലഘട്ടങ്ങളില്‍ നടക്കുന്ന കഥ.

രഞ്ജി പണിക്കര്‍ സുരേഷ് ഗോപിക്കൊപ്പം പ്രധാനകഥാപാത്രമായെത്തുന്നു. ലാല്‍ ആയിരുന്നു ഈ റോള്‍ ചെയ്യാനിരുന്നതെങ്കിലും മറ്റു ഭാഷകളിലെ താരത്തിന്റെ തിരക്കുകള്‍ കാരണം ഒഴിവാകുകയായിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫെയിം സയാ ഡേവിഡ് നായികയായെത്തുന്നു. അലന്‍സിയര്‍, ഐഎം വിജയന്‍, സുജിത് ശങ്കര്‍, കിച്ചു ടെല്ലസ്, ബിനു പാപ്പു, സന്തോഷ് കീഴാറ്റൂര്‍, മുത്തുമണി, പത്മരാജ് രതീഷ് എന്നിവരും സിനിമയിലുണ്ട്. ദേശീയ പുരസ്‌കാരജേതാവ് നിഖില്‍ എസ് പ്രവീണ്‍ ഡിഒപി, രഞ്ജിന്‍ രാജ് ജോസഫ് ഫെയിം സംഗീതം. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ജോബി ജോര്‍ജ്ജ് ചിത്രം നിര്‍മ്മിക്കുന്നു.