ദിലീപും നാദിര്‍ഷയും തൊണ്ണൂറുകളില്‍ അവരുടെ മിമിക്രി കാലം മുതലേ ഉള്ള സുഹൃത്തുക്കളാണ്. കാലം പിന്നിട്ടപ്പോള്‍ ഇരുവരും സിനിമാലോകത്ത് അവരവരുടേതായ മേഖലകളില്‍ സ്ഥാനം പിടിച്ചു. ദിലീപ് നടനായി മാറിയപ്പോള്‍, നാദിര്‍ഷ സിനിമയുടെ വിവിധ മേഖലകളില്‍ തന്റെ സാന്നിധ്യം അറിയിച്ചു. നടനായും, ഗായകനായും, സംഗീതസംവിധായകനായും, എഴുത്തുകാരന്, സംവിധായകന് എന്നീ നിലകളിലും നാദിര്‍ഷ തന്റെ കഴിവ് തെളിയിച്ചു. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഇരുവരും സ്ക്രീനില്‍ ഒരുമിച്ചെത്തുകയാണ്.
ദിലീപിന്റെ വരാനിരിക്കുന്ന സിനിമ ശുഭരാത്രിയില്‍ നാദിര്‍ഷ ഒരു പ്രധാന കഥാപാത്രമാകുന്നു. കെ പി വ്യാസന് സംവിധാനം ചെയ്യുന്ന സിനിമയില്‍ അനു സിതാരയാണ് നായിക. നാദിര്‍ഷ അവസാനം അഭിനയിച്ചത് കലാഭവന്‍ മണി നായകനായെത്തിയ ബെന്ജോണ്സണ് എന്ന സിനിമയിലായിരുന്നു. 2005ലാണ് സിനിമ ഇറങ്ങിയത്. ശുഭരാത്രി ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സിദ്ദീഖ് സിനിമയില്‍ മുഖ്യ കഥാപാത്രമാകുന്നു.
നാദിര്‍ഷ തന്റെ മൂന്നാമത്തെ സിനിമ മേരാ നാം ഷാജി റിലീസിംഗിനൊരുങ്ങുകയാണ്. ഏപ്രില്‍ 5ന് സിനിമ റിലീസ് ചെയ്യും. ആസിഫ് അലി, ബിജു മേനോന്, ബൈജു എന്നിവര്‍ പ്രമുഖകഥാപാത്രങ്ങളാകുന്നു. മമ്മൂട്ടിയെ നായകനാക്കി ഡിസ്കോ ഡാന്‍സര്‍ എന്ന ഒരു കോമഡി ത്രില്ലര്‍ ഒരുക്കാനിരിക്കുകയാണ്. ദിലീപിനെ നായകനാക്കിയുള്ള കേശു ഈ വീടിന്റ നാഥന് എന്ന സിനിമയും ലിസ്റ്റിലുണ്ട്.