ദിലീപ് സംവിധായകന് മേജര്‍ രവിയ്ക്കൊപ്പം പുതിയ സിനിമയുമായെത്തുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കുന്ന ഇതുവരെയും പേരിട്ടിട്ടില്ലാത്ത സിനിമ ഒരു റൊമാന്റിക് കോമഡിയായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ദിലീപ് ചിത്രത്തില്‍ ഒരു പട്ടാളക്കാരനായിട്ടായിരിക്കുമെത്തുക. കാശ്മീരിലെ ലൈന്‍ ഓഫ് കണ്ട്രോളില് പോസ്റ്റ് ചെയ്തിട്ടുള്ള ആള്. മേഘം, വാര് ആന്റ് ലൗ എന്നീ ചിത്രങ്ങളില്‍ പട്ടാളക്കാരനായി ദിലീപ് മുമ്പെത്തിയിരുന്നു.
മേജര്‍ രവിയുടെ സാധാരണ ആര്‍മി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ സിനിമയില്‍ ദിലീപിന്റെ പ്രണയകഥയ്ക്കായിരിക്കും പ്രാധാന്യം നല്‍കുക. ഇതാദ്യമായിട്ടാണ് സംവിധായകന് മറ്റൊരാളുടെ തിരക്കഥ സിനിമയാക്കുന്നത്. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ദിലീപിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. കല്യാണരാമന്, കുഞ്ഞിക്കൂനന്, ചാന്തുപൊട്ട്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നിവ. അതുകൊണ്ട് സിനിമയുടെ പ്രതീക്ഷകളും ഏറെയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് കരുതുന്നത്.