ദിലീപ് സ്ഥിരം കോമഡി എന്റര്ടെയ്നര് സിനിമകളില്‍ നിന്നും വ്യത്യസ്തമായി പെര്‍ഫോമന്‍സിന് സാധ്യതയുള്ള തരം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കുകയാണ് ഇപ്പോള്‍. രാമലീല എന്ന പൊളിറ്റിക്കല്‍ ത്രില്ലറിനു ശേഷം കമ്മാരസംഭവം എന്ന ചിത്രം. അതു കഴിഞ്ഞ് അടുത്തിടെ റിലീസ് ചെയ്ത കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന സിനിമയിലെ വക്കീല്‍ വേഷം. സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ദിലീപ് പ്രശസ്ത സംവിധായകന് ജോഷിയ്ക്കൊപ്പം ത്രില്ലര്‍ ചിത്രവുമായെത്തുകയാണ്. റണ്‍വേ, ട്വന്റി-20 എന്നീ ചിത്രങ്ങളില്‍ മുമ്പ് ഇരുവരും ഒന്നിച്ചിട്ടുണ്ട്. മാധ്യമലോകത്തെ ചില സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ത്രില്ലര്‍ സിനിമയാണ് പുതിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്റെ 2012ലെ സൂപ്പര്‍ഹിറ്റ് സിനിമ റണ്‍ ബേബി റണ്‍ എന്ന സിനിമ പോലെ. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
ജോഷി ഇപ്പോള്‍ ജോജു ജോര്‍ജ്ജിനെ നായകനാക്കി പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. അഭിലാഷ് എന്‍ ചന്ദ്രന് തിരക്കഥ ഒരുക്കുന്ന സിനിമ തൃശ്ശൂര്‍ ബേസ്ഡ് ഫാമിലി ഡ്രാമ കം ത്രില്ലറാണ്. നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, ഇന്നസെന്റ്, എന്നിവരാണ് പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്.
ദിലീപ് നിരവധി ചിത്രങ്ങളുടെ ഭാഗമാകുന്നുണ്ട്. വ്യാസന് കെപിയുടെ പുതിയ സിനിമ അടുത്ത മാസം ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്. 3ഡി സിനിമ പ്രൊഫസര്‍ ഡിങ്കന്റെ ചില ഭാഗങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. പറക്കും പപ്പന്, വിയാന്‍ വിഷ്ണുവിനൊപ്പം വരാനിരിക്കുന്നു. മറ്റു ചില ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടേയും ചര്‍ച്ചകള്‍ നടക്കുന്നു.