Categories
Film News

പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേയില്‍ ധനുഷിന്റെ ഗാനം

പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേ അടുത്ത മാസം റിലീസ് ചെയ്യുകയാണ്. സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നടനായ കലാഭവന്‍ ഷാജോണ്‍ ആണ്. അടുത്തിടെ റിലീസ് ചെയ്ത സിനിമയുടെ ട്രയിലര്‍ നല്ല പ്രതികരണമാണ് നേടിയത്. അതിനുശേഷം ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറക്കാര്‍. തമിഴ് താരം ധനുഷ് എഴുതി ആലപിച്ചിരിക്കുന്ന ഗാനമാണ് റിലീസ് ചെയ്യുന്നത്. ഇന്ന് വൈകീട്ട് 5മണിക്ക് ഗാനം റിലീസ് ചെയ്യും.

എല്ലാതരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നതായിരിക്കും ബ്രദേഴ്‌സ് ഡേ എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രയിലര്‍, എല്ലാ തരത്തിലുമുളള കൊമേഴ്‌സ്യല്‍ ചേരുവകളുടെ സൂചന നല്‍കുന്നുമുണ്ട്. പാട്ടുകള്‍, കോമഡി, സസ്‌പെന്‍സ്, ഫൈറ്റ് എല്ലാം. മഡോണ സെബാസ്റ്റിയന്‍, പ്രയാഗ റോസ് മാര്‍ട്ടിന്‍, മിയ ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായിക കഥാപാത്രങ്ങള്‍ ചെയ്യുന്നത്. തമിഴ് താരം പ്രസന്ന ആദ്യമായി മലയാളത്തിലേക്കെത്തുകയാണ് ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്തുകൊണ്ട്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിജയരാഘവന്‍, കോട്ടയം നസീര്‍, പോളി വില്‍സണ്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍, ശിവജി ഗുരുവായൂര്‍, മാല പാര്‍വ്വതി എന്നിവരും സഹതാരങ്ങളായെത്തുന്നു.

ഓണക്കാലത്ത് കുടുംബ പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്നതരത്തിലുള്ള ഒരു എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കുമിതെന്നാണ് ട്രയിലര്‍ നല്‍കുന്ന സൂചന. ലിസ്റ്റിന്‍ സ്റ്റീഫന്‍ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. അടുത്തുതന്നെ സിനിമയുടെ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.