എണ്‍പതുകളിലും തൊണ്ണൂറുകളിലും സജീവമായിരുന്ന തിരക്കഥാക്കൃത്തുക്കളില് ഏറെ ശ്രദ്ധേയനായിരുന്നു ഡെന്നീസ് ജോസഫ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു തിരിച്ചുവരവിനൊരുങ്ങുകയാണിദ്ദേഹം. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന സിനിമയിലൂടെ. സിനിമയുടെ ഔദ്യോഗികപ്രഖ്യാപനം വരാനിരിക്കുകയാണ്.
മുമ്പ് ഒമര്‍ലുലു മമ്മൂട്ടിക്കൊപ്പം ഒരു മാസ് എന്റര്ടെയ്നറുമായെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും പ്രൊജക്ട് നടന്നില്ല. ഡെന്നീസ് ജോസഫ് തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഒരു ആക്ഷന്‍ ലസിനിമ ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. പ്രമോദ് പപ്പന് കൂട്ടുകെട്ടാണ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ചിത്രത്തെ സംബന്ധിച്ച് അപ്ഡേറ്റ്സ് ഒന്നും വന്നില്ല.
മമ്മൂട്ടിയുടെ ചില ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍ എഴുതിയ ആളാണ് ഡെന്നീസ് ജോസഫ്. നിറക്കൂട്ട്, ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്, നായര്‍ സാബ് തുടങ്ങിയ സിനിമകള്‍. രാജാവിന്റെ മകന്, ഭൂമിയിലെ രാജാക്കന്മാര്, നമ്പര്‍ 20 മദ്രാസ് മെയില്‍ തുടങ്ങിയവയാണ് ചില ഹിറ്റ്സിനിമകള്‍. മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയാണ് അവസാനം തിരക്കഥ ഒരുക്കിയത്.