സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇപ്പോള്‍ മുംബൈയില്‍ ദര്‍ബാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. എആര്‍ മുരുഗദോസ് ഒരുക്കുന്ന സിനിമ ആക്ഷന്‍ പാക്ക്ഡ് മാസ് എന്റര്ടെയ്നര് ആണ്. നയന്‍ താര നായികയായെത്തുന്ന സിനിമയില്‍ പ്രധാന കഥാപാത്രമായി നിവേദ തോമസുമുണ്ട്. മലയാളി താരം ചെമ്പന്‍ വിനോദ് ജോസ് സിനിമയില്‍ എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. അദ്ദേഹത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും പ്രധാന കഥാപാത്രമാണെന്നാണറിയുന്നത്.
തമിഴില്‍ ചെമ്പന്‍ വിനോദിന്റെ രണ്ടാമത്തെ സിനിമയാണ് ദര്‍ബാര്‍. വിജയ് മില്‍ട്ടണ്‍ ഒരുക്കിയ ഗോലി സോഡ 2വിലൂടെ കഴിഞ്ഞ വര്‍ഷം താരം തമിഴില്‍ അരങ്ങേറിയിരുന്നു. വില്ലന്‍ വേഷമായിരുന്നു ചിത്രത്തില്‍ ചെയ്തത്. ദര്‍ബാറില്‍ എന്തായിരിക്കും വേഷമെന്നറിയാന് കാത്തിരുന്നേ മതിയാവൂ. സിനിമയില്‍ രജനീകാന്ത് മുംബൈ ബേസ്ഡ് പോലീസുകാരനാണ്. താരം പോലീസ് വേഷത്തിലെത്തിയത് ഏറെ നാളായി എന്നത് പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടുന്നു.
ദര്‍ബാറിന്റെ ടെക്നിക്കല്‍ വിഭാഗത്തില്‍, സിനിമാറ്റോഗ്രാഫര്‍ സന്തോഷ് ശിവന്, കമ്പോസര്‍ അനിരുദ്ധ് രവിചന്ദര്‍, പ്രശസ്ത എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് എന്നിവരാണുള്ളത്. സംഘട്ടനം കൊറിയോഗ്രാഫി ചെയ്യുന്നത് റാം-ലക്ഷ്മണ് ആണ്. രജനീകാന്തിന്റെ 2.0 നിര്‍മ്മിച്ച ലൈക പ്രൊഡക്ഷന്‍സ് തന്നെയാണ് പുതിയ സിനിമയും നിര്‍മ്മിക്കുന്നത്. ജനുവരിയില്‍ സിനിമ റിലീസിനെത്തുമെന്ന് നേരത്തേ തന്നെ അണിയറക്കാര്‍ അറിയിച്ചിരുന്നു.