Categories
Film News

ചതുർമുഖം ബിഫാൻ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്

മഞ്ജു വാര്യർ- സണ്ണി വെയ്ൻ ടീം എത്തിയ മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ സിനിമ ചതുർമുഖം 25ാമത് ബുചിയോൺ ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന് മൂന്ന് ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഹൊറർ, മിസ്റ്ററി, ഫാന്റസി ചിത്രങ്ങൾക്കായുള്ള ഫെസ്റ്റിവലാണിത്. 47രാജ്യങ്ങളിൽ നിന്നായി 258സിനിമകൾ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ദി വെയ്ലിം​ഗ് എന്ന പ്രശസ്ത കൊറിയൻ സിനിമയുടെ സംവിധായകൻ നാ ഹോങ്ജിൻ, ഷട്ടർ സിനിമയുടെ സംവിധായകൻ ബാഞ്ചോങ് പിസൻകനാകുൻ എന്നിവർ ചേർന്നൊരുക്കിയ ദി മീഡിയം ഫെസ്റ്റിവലിൽ തിരഞ്ഞെടുത്തിട്ടുണ്ട്.

ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സിനിമകൾ പ്രഭു സോളമൻ ഹാത്തി മേരാ സാത്തി, മിഹിർ ഫഡ്നാവിന്റെ ച്യൂയിം​ഗ് ​ഗം എന്നിവയാണ്. വേൾഡ് ഫന്റാസ്റ്റിക് കാറ്റ​ഗറിയിലാണ് ചതുർമുഖം പ്രദർശിപ്പിക്കുന്നത്. രഞ്ജീത് കമല ശങ്കർ, സലിൽ വി എന്നിവർ സംവിധാനം ചെയ്ത സിനിമ ഏപ്രിൽ 8ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. നല്ല പ്രതികരണത്തോടെ മുന്നേറുകയായിരുന്നുവെങ്കിലും കോവിഡ് രണ്ടാംതരം​ഗത്തെ തുടർന്ന് തിയേറ്ററുകളിൽ നിന്നും ചിത്രം പിൻവലിക്കുകയായിരുന്നു.

അഭയകുമാർ,അനിൽ കുര്യൻ എന്നിവരുടേതാണ് തിരക്കഥ. ജിസ് ടോംസ് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സിനിമ നിർമ്മിച്ചിരിക്കുന്നു. അഭിനന്ദൻ രാമാനുജം ക്യാമറ, എഡിറ്റിം​ഗ് മനോഡ്, സൗണ്ട് ഡിസൈൻ ബാക്ക് ​ഗ്രൗണ്ട് സ്കോർ വിൻസന്റ് എന്നിവരാണ് അണിയറയിൽ.