കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്ന ബ്രദേഴ്സ് ഡേ, നല്ലൊരു എന്റര്ടെയ്നര് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമയില്‍ നാല് നായികമാരാണുള്ളത്- ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്, പ്രയാഗ മാര്ട്ടിന്, മിയ എന്നിവര്‍.
പൃഥ്വിരാജിന്റെ കഥാപാത്രവും, സിനിമ ഓണം റിലീസായെത്തുമെന്നും ആണ് പുതിയതായി വരുന്ന വാര്‍ത്തകള്‍. രാജു, റോണി എന്ന കഥാപാത്രമായാണെത്തുന്നത്, ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ കാറ്ററിംഗ് സ്റ്റാഫാണ്. സിനിമയിലെ നാല് നായികമാര്‍ക്കും തുല്യപ്രാധാന്യമുള്ള വേഷമാണെന്നും സംവിധായകന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സിനിമയുടെ ആദ്യ രണ്ട് പോസ്റ്ററുകള്‍ തമാശയ്ക്ക് പ്രാധാന്യം നല്കി ഒരുക്കിയതാണ്. സിനിമയില്‍ തമാശയ്ക്ക് പ്രാധാന്യമുണ്ടെങ്കിലും ചിത്രം മുഴുനീള കോമഡിയായിരിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നാണ് സംവിധായകന് പറയുന്നത്. സംവിധായകന്റെ മിമിക്രി ബാക്ക്ഗ്രൗണ്ട് കാരണം പലരും അദ്ദേഹത്തോട് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നുവെന്നാണ് അറിയിച്ചത്. ബ്രദേഴ്സ് ഡേ കുടുംബ ചിത്രമായിരിക്കും, കോമഡി, ത്രില്ലര്‍, ഡ്രാമ, പാട്ടുകള്‍, ആക്ഷന്‍ എന്നിവയ്ക്കെല്ലാം സിനിമയില്‍ സ്ഥാനമുണ്ട്.