Categories
Film News

ബിലാല്‍ : ബിഗ് ബി സീക്വലില്‍ ജാഫര്‍ ഇടുക്കിയുടെ ഷംസു എന്ന കഥാപാത്രവുമുണ്ടാകും

മമ്മൂട്ടിയുടെ ഗാങ്സ്റ്റര്‍ സിനിമ ബിഗ് ബി സീക്വല്‍, ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ചിത്രീകരണം തുടങ്ങാനിരിക്കുകയായിരുന്നു. അണിയറക്കാര്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. അന്നുമുതല്‍ തന്നെ ആരാധകര്‍ ചിത്രീകരണം എപ്പോള്‍ തുടങ്ങുമെന്നറിയാനുള്ള കാത്തിരിപ്പിലാണ്. ഉണ്ണി ആര്‍ തിരക്കഥ എഴുതി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാല്‍ മമ്മൂട്ടിയുടെ അണിയറയിലുള്ള മികച്ച ചിത്രങ്ങളില്‍ ഒന്നാണ്.

മമ്മൂട്ടിക്കൊപ്പം ബാല, മംമ്ത മോഹന്‍ദാസ്, ലെന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയില്‍ ആദ്യഭാഗത്തിലെ പ്രധാനതാരങ്ങളെല്ലാം തുടരുന്നുണ്ട്. അടുത്തിടെ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ജാഫര്‍ ഇടുക്കി താനും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നറിയിച്ചു. ഷംസു എന്ന ബിഗ് ബിയിലെ കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുന്നത്. ലോക്ഡൗണിന് മുമ്പ് ചില ഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. ബിഗ് ബിയില്‍ നായകുഞ്ഞുങ്ങളെ വില്‍ക്കുന്ന ജോലിയാണ് ചെയ്തിരുന്നതെങ്കില്‍ പുതിയ ഭാഗത്തെത്തുമ്പോള്‍ വ്യത്യാസമുള്ള ജോലിയാണ് ചെയ്യുന്നത്.

ബിലാല്‍ കൂടാതെ ജാഫര്‍ ഇടുക്കി, ചുരുളി, കേശു ഈ വീടിന്റെ നാഥന്‍, കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്, ജിന്ന് തുടങ്ങിയ സിനിമകളുടേയും ഭാഗമാകുന്നു.