മമ്മൂട്ടിയുടെ പുതിയ സിനിമ ഷൈലോക് ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അജയ് വാസുദേവ്, രാജാധിരാജ, മാസ്റ്റര്‍പീസ് ഫെയിം, ഒരുക്കുന്നു. സംവിധായകന്റെ മുന്‍ സിനിമകളെ പോലെ തന്നെ ഷൈലോകും ആക്ഷന്‍ ചിത്രമായിരിക്കും. മമ്മൂട്ടിയ്ക്കൊപ്പം തമിഴ് നടന് രാജ് കിരണ്‍, മീന എന്നിവരും പ്രമുഖ കഥാപാത്രങ്ങളായെത്തുന്നു. പുതിയതായി ചിത്രത്തിലേക്കെത്തുന്നത് തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജ് ആണ്. സഹതാരമായും വില്ലനായും എത്തിയശേഷം ബിബിന്‍ ഇപ്പോള്‍ നായകവേഷങ്ങളും ചെയ്തുകൊണ്ടിരിക്കുകയാണ്. ഷൈലോകില് പ്രധാന റോളാണ് താരം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതുമുഖങ്ങളായ ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ഷൈലോക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ചിത്രത്തില്‍ ഫിനാന്‍ഷ്യര്‍ ആയാണെത്തുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രം നെഗറ്റീവ് ഷെയ്ഡിലുള്ളതാണ്. രാജ് കിരണ്‍ മലയാളത്തിലേക്ക് ആദ്യമായെത്തുകയാണ് ചിത്രത്തിലൂടെ. മീന അദ്ദേഹത്തിന്റെ ഭാര്യവേഷത്തിലെത്തുന്നു.
ഷൈലോക് മലയാളത്തിലും തമിഴിലുമായാണ് ഒരുക്കുന്നത്. ചിത്രീകരണം തുടങ്ങുംമുമ്പായി തന്നെ സൂര്യ ടിവി സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. എത്ര തുകയ്ക്കാണെന്ന് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ജോബി ജോര്‍ജ്ജ് ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ഈ വര്‍ഷം ഡിസംബറില്‍ ക്രിസ്തുമസ് ചിത്രമായി റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നത്.