Categories
Film News

ബാല ഭദ്രനായി ലൂസിഫറില്‍, താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍

മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ അടുത്ത മാസം റിലീസ് ചെയ്യുകയാണ്. മുരളി ഗോപിയുടെ തിരക്കഥ സംവിധാനം ചെയ്യുന്നത് നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജ് ആണ്. മാസ് പൊളിറ്റിക്കല്‍ എന്റര്‍ടെയ്‌നര്‍ ആയ സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയ നേതാവായി മോഹന്‍ലാല്‍ എത്തുന്നു. ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത് സുകുമാരന്‍, വിവേക് ഒബ്‌റോയ് എന്നിവരും സിനിമയിലുണ്ട്.

26 ദിവസം 26 പോസ്റ്റര്‍ പ്രൊമോഷന്‍ സ്ട്രാറ്റജിയുടെ ഭാഗമായി അണിയറക്കാര്‍ സിനിമയുടെ പോസ്റ്ററുകള്‍ ഇറക്കികൊണ്ടിരിക്കുകയാണ്. പുതിയ പോസ്റ്ററില്‍ ബാലയാണ് ഉള്ളത്. ഭദ്രന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പോസ്റ്ററില്‍ നിന്നും മനസ്സിലാകുന്നത് ബാലയുടെ കഥാപാത്രം ഒരു ജയില്‍പുള്ളിയാണെന്നാണ്. മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പം മുമ്പ് പുതിയ മുഖം, അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, എന്നു നിന്റെ മൊയ്തീന്‍, പുലിമുരുകന്‍ എന്നീ സിനിമകളില്‍ ബാല അഭിനയിച്ചിട്ടുണ്ട്.

പഴയതും പുതുമുഖങ്ങളുമായ നിരവധി സഹതാരങ്ങളും സിനിമയുടെ ഭാഗമാകുന്നു. കലാഭവന്‍ ഷാജോണ്‍, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, നന്ദു, ജോണ്‍ വിജയ്, സുനില്‍ സുഗത, താര കല്യാണ്‍, ആദില്‍ ഇബ്രാഹിം, സച്ചിന്‍, ഫാസില്‍, പ്രവീണ്‍, ഷോണ്‍ റോമി,മാല പാര്‍വ്വതി എന്നിവര്‍. ടെക്‌നികല്‍ വിഭാഗത്തില്‍ സുജിത്ത് വാസുദേവ് ക്യാമറയും ദീപക് ദേവ് സംഗീതവും ഒരുക്കുന്നു.

മോഹന്‍ലാലിന്റെ സ്വന്തം ബാനറായ ആശിര്‍വാദ് സിനിമാസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 28ന് സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.