ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോ റിലീസിംഗിനൊരുങ്ങുകയാണ്. ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍.ബാഡ് ബോയ് എന്ന ട്രാക്കിലെ ഗാനരംഗത്ത് പ്രഭാസും ജാക്വിലിന് ഫെര്ണാണ്ടസുമാണെത്തുന്നത്. ജാക്വിലിന് ചിത്രത്തില്‍ അതിഥിതാരമായെത്തുന്നു. ബാദ്ഷാ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാല്‍ സുനിത സാരഥി എന്നിവര്‍ ചേര്‍ന്നാണ്. വിഗ്നേഷ് ശിവന് തമിഴ് വരികള്‍ എഴുതിയിരിക്കുന്നു. ഗാനത്തിന്റെ മലയാളം വരികള്‍ വിനായക് ശശികുമാറിന്റേതാണ്.
സുജീത് ഒരുക്കുന്ന സാഹോ ബിഗ് ബജറ്റ് ചിത്രമാണ്. 300കോടിയിലധികം ബജറ്റിലൊരുക്കിയിരിക്കുന്ന സിനിമ ഇന്നുവരെയുള്ള സൗത്ത്ഇന്ത്യന്‍ സിനിമകളിലെ വലിയ ബജറ്റ് ചിത്രമാണ്. തെലുഗില്‍ ഒരുക്കിയിരിക്കുന്ന സിനിമ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നു. ഈ എല്ലാ ഭാഷകളിലേയും താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.
പ്രഭാസിന്റെ ജോഡിയായെത്തുന്നത് ബോളിവുഡ് താരം ശ്രദ്ധ കപൂര്‍ ആണ്. ജാക്കി ഷെറോഫ്, നീല്‍ നിതിന്‍ മുകേഷ്, ചങ്കി പാണ്ഡെ, മന്ദിര ബേദി, പ്രകാശ് ബെലാവേദി, മുരളി ശര്‍മ്മ, എവ്ലിന് ശര്‍മ്മ, മഹേഷ് മഞ്ജ്രേക്കര്, അരുണ്‍ വിജയ്, ലാല്‍, വെണ്ണല കിഷോര്‍, ടിനു ആനന്ദ് എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു.
വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപാട്ടി എന്നിവര്‍ ചേര്‍ന്ന് യുവി ക്രിയേഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു. ആഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യും. കേരളത്തില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് സംവിധായകന് ബി ഉണ്ണിക്കൃഷ്ണന്റെ ആര്‍ഡി ഇലൂമിനേഷന്‍സ് ആണ്.