Categories
Film News

അവള്‍: കക്ഷി അമ്മിണിപിള്ളയില്‍ നിന്നും പുതിയ ഗാനം

ആസിഫ് അലി നായകനാകുന്ന കക്ഷി അമ്മിണിപിള്ള ജൂണ്‍ 28ന് തിയേറ്ററുകളിലേക്കെത്തുകയാണ്. റിലീസ് തീയ്യതി അടുത്തെത്തിയതോടെ അണിയറക്കാര്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളും വേഗത്തിലാക്കിയിരിക്കുകയാണ്. അവള്‍ എന്ന ഗാനം ഹരിശങ്കര്‍ ആണ് ആലപിച്ചിരിക്കുന്നത്. അരുണ്‍ മുരളീധരന്‍ സംഗീതം നല്‍കിയിരിക്കുന്നു. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.

പുതുമുഖസംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍ ഒരുക്കുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സനിലേഷ് ശിവന്‍ ആണ്. നവദമ്പതികളായ ഷാജിത് കുമാര്‍ അമ്മിണിപിള്ളയുടേയും ഭാര്യ കാന്തി ശിവദാസന്റേയും വിവാഹമോചനകേസാണ് കഥയ്ക്ക് ആധാരം. ആസിഫ് അലി പ്രദീപന്‍ മാഞ്ചോടി എന്ന രാഷ്ട്രീയക്കാരനായ വക്കീലാണ്. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ഡിവോഴ്‌സ് കേസ് വക്കീല്‍ ഏറ്റെടുക്കുകയാണ്.
അഹമ്മദ് സിദ്ദീഖ് അമ്മിണി പിള്ളയായും ഫറ ഷിബ്ല കാന്തി ശിവദാസനുമായെത്തുന്നു. ബേസില്‍ ജോസഫ്, നിര്‍മ്മല്‍ പാലാഴി, സുധീഷ്, മാമുക്കോയ, ശ്രീകാന്ത് മുരളി, ശിവദാസ് കണ്ണൂര്‍, ലുഖ്മാന്‍, ബാബു അന്നൂര്‍, അശ്വതി മനോഹരന്‍,സരയു മോഹന്‍, എന്നിവരും സിനിമയുടെ ഭാഗമാകുന്നു.

അരുണ്‍ മുരളീധരന്‍, സാമുവല്‍ എബി എന്നിവര്‍ ഗാനങ്ങള്‍ ഒരുക്കുന്നു. പശ്ചാത്തലസംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. ബാഹുല്‍ രമേഷ് ക്യാമറയും സൂരജ് ഇഎസ് എഡിറ്റിംഗും ചെയ്യുന്നു. റിജു രാജന്‍ സാറ ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് സിനിമ കേരളത്തില്‍ റിലീസ് ചെയ്യുന്നത്.