ആസിഫ് അലിയുടെ അടുത്ത സിനിമ ഒപി 160/18 കക്ഷി: അമ്മിണിപിള്ള ഏപ്രിലില്‍ തിയേറ്ററുകളിലേക്കെത്തും. കഴിഞ്ഞ ദിവസം അണിയറക്കാര്‍ സിനിമയുടെ പുതിയ പോസ്റ്റര്‍ ഇറക്കിയിരുന്നു. ആസിഫും അഹമ്മദ് സിദ്ദീഖുമാണ് പോസ്റ്ററിലുള്ളത്. ദിന്‍ജിത് അയ്യത്താന്‍ ഒരുക്കുന്ന സിനിമയില്‍ ആസിഫ് തന്റെ കരിയറില്‍ ആദ്യമായി വക്കീല്‍ വേഷത്തിലെത്തുന്നു.
സനിലേഷ് ശിവന് തിരക്കഥ ഒരുക്കുന്ന സിനിമയില്‍, തലശ്ശേരി കോടതിയിലെ രംഗങ്ങളാണ് ഉള്ളത്. നവദമ്പതികളായ ഷാജിത് കുമാര്‍ അമ്മിണിപിള്ളയുടേയും ഭാര്യ കാന്തി ശിവദാസന്റെയും കേസുമായി ബന്ധപ്പെട്ടാണ് സിനിമ. അഡ്വ. പ്രദീപന് മാഞ്ചോടി ആദ്യം കേസുമായി സമീപിച്ചപ്പോള്‍ നിരസിച്ചെങ്കിലും പിന്നീട് കേസ് ഏറ്റെടുക്കുന്നതിലൂടെ കഥ മാറുകയാണ്. പ്രദീപന് മാഞ്ചോടി രാഷ്ട്രീയ അനുഭാവിയുമാണ്.
വിജയരാഘവന്, നിര്‍മ്മല്‍ പാലാഴി, സുധീഷ്, മാമുക്കോയ, ശ്രീകാന്ത് മുരളി, ലുക്മാന്, ബാബു അണ്ണൂര്‍, അശ്വതി മനോഹരന്, ഷിബ് ല, സരയു മോഹന്‍ എന്നിവരും സിനിമയിലുണ്ട്.
സാമുവല്‍ എബി, അരുണ്‍ മുരളീധരന് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജേക്കസ് ബിജോയ് ആണ് പിന്നണി സംഗീതം ഒരുക്കുന്നത്. ബാഹുല്‍ രമേഷ് സിനിമാറ്റോഗ്രാഫറും എഡിറ്റര്‍ സൂരജ് ഇഎസും ആണ്. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജന് ആണ് സിനിമ നിര്‍മ്മിക്കുന്നത്.