Categories
Film News

ഒരു കുട്ടനാടന്‍ ബ്ലോഗ് സംവിധായകന്‍ സേതുവിനൊപ്പം ആസിഫലി, സിനിമ മഹേഷും മാരുതിയും

സച്ചി സേതു കൂട്ടുകെട്ടിലെ സേതു സ്വതന്ത്രസംവിധായകനായത് 2018ലെ മമ്മൂട്ടി സിനിമ ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ്. സംവിധായകന്റെ രണ്ടാമത്തെ സിനിമ ആസിഫ് അലിക്കൊപ്പമാണ്. മഹേഷും മാരുതിയും എന്ന് പേരിട്ടിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് മണിയന്‍ പിള്ള രാജുവാണ്.

സേതുവിന്റെ അഭിപ്രായത്തില്‍ മഹേഷും മാരുതിയും ഒരു ത്രികോണ പ്രണയകഥയാണ്. മഹേഷും ഒരു പെണ്‍കുട്ടിയും മാരുതി 800 കാറും തമ്മിലുള്ളത്. മഹേഷിന് മാരുതിയോടുള്ള ഇമോഷണല്‍ അറ്റാച്ചമെന്റും, ഒരു പെണ്‍കുട്ടി ജീവിതത്തിലേക്കെത്തുന്നതോടെ മഹേഷിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.

മഹേഷും മാരുതിയും സേതുവിന്റെ ആദ്യസിനിമയാകുമായിരുന്നു. ആ സമയത്താണ് മമ്മൂട്ടിയെ സംവിധാനം ചെയ്യാന്‍ അവസരം ലഭിക്കുന്നതും ഒരു കുട്ടനാടന്‍ ബ്ലോഗ് ഒരുക്കുന്നതും. മഹേഷും മാരുതിയും പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണിപ്പോള്‍.

ആസിഫ് അലിക്ക് നിരവധി പ്രൊജക്ടുകള്‍ വരാനിരിക്കുന്നു. രാജീവ് രവി ഒരുക്കുന്ന പോലീസ് ത്രില്ലര്‍ സിനിമ കുറ്റവും ശിക്ഷയും ച്ിത്രീകരണത്തിലാണ്. കുഞ്ഞെല്‍ദോ ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് താരത്തിന്റെ അടുത്ത റിലീസ്. എല്ലാം ശരിയാകും ജിബു ജാക്കബിനൊപ്പം, തട്ടും വെള്ളാട്ടം മൃദുല്‍ നായര്‍, എം പത്മകുമാറിന്റെ പേരിട്ടിട്ടില്ലാത്ത സിനിമ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.