അനുരാഗകരിക്കിന്‍ വെള്ളത്തിന് ശേഷം ആസിഫ് അലി രജിഷ വിജയന് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. ജിബു ജേക്കബ് ഒരുക്കുന്ന എല്ലാം ശരിയാക്കും എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. മൂന്ന് പുതുമുഖങ്ങളാണ് തിരക്കഥ ഒരുക്കുന്നത് – ഷാരിസ്, ഷാല്ബിന്, നെബിന്‍. ആസിഫ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം നടത്തി.
സിനിമാറ്റോഗ്രാഫറും സംവിധായകനുമായ ജിബു ജേക്കബ് വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് സംവിധാനത്തിലേക്ക് കടന്നത്. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നില്ല എന്ന സിനിമ ചെയ്തു. കഴിഞ്ഞ മാസം സംവിധായകന്റെ ആദ്യരാത്രി എന്ന സിനിമ റിലീസ് ചെയ്തു.
എല്ലാം ശരിയാക്കും ജിബു ജേക്കബിന്റെ ആസിഫിനൊപ്പമുള്ള രണ്ടാമത്തെ ചിത്രമാവും. വെള്ളിമൂങ്ങയില്‍ ആസിഫ് അലി ഗസ്റ്റ് റോളിലെത്തിയിരുന്നു. ഡോ പോള്‍സ് എന്റര്ടെയ്ന്മെന്റ് എന്ന ബാനറില്‍ തോമസ് തിരുവല്ല, ഡോ പോള്‍ വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അണിയറയില്‍ ശ്രീജിത് നായര്‍ ഡിഒപി, സംഗീതം ഔസേപ്പച്ചന്, എഡിറ്റര്‍ സൂരജ് ഇഎസ് എന്നിവരാണ്.