മലയാളസിനിമയിലെ മക്കള്‍ കൂട്ടുകെട്ട് ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമായെത്തുന്ന സിനിമയാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ടെങ്കിലും ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റിരിക്കുകയാണ്. ഏഷ്യാനെറ്റ് വലിയ തുകയ്ക്ക് ചിത്രം സ്വന്തമാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൃദയം ഒരുകൂട്ടം വ്യക്തികളുടെ ജീവിതയാത്രയാണ്. വിനീത് ശ്രീനിവാസന്‍ സ്വന്തം ജീവിതത്തിലെ സംഭവങ്ങളും കൂട്ടിച്ചേര്‍ത്തൊരുക്കിയിരിക്കുന്ന തിരക്കഥയാണ്. സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ഭാര്യ വിദ്യയും പഠിച്ച എന്‍ജിനീയറിംഗ് കോളേജില്‍ വച്ചാണ്. പ്രണവ്, കല്യാണി, മായാനദി ഫെയിം ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു. അജു വര്‍ഗ്ഗീസ്, വിജയരാഘവന്‍, ബൈജു, അരുണ്‍ കുര്യന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകുന്നു.

ഹൃദയം ടീം ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്ത് ചൈന്നൈയില്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. 50ശതമാനം ചിത്രീകരണം മാത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.

Published by eparu

Prajitha, freelance writer