ജാക്കബിന്റെ സ്വർഗ്ഗരാജ്യം ഫെയിം അശ്വിൻ കെ കുമാർ, സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ ഒരുക്കുന്ന മോഹൻലാൽ നായകനായെത്തുന്ന സിനിമയിലേക്ക്. ഇന്ദ്രജിത് ചിത്രം ആഹായിലും താരം എത്തുന്നു. ശ്രദ്ധ ശ്രീനാഥ്, സായ്കുമാർ, സിദ്ദീഖ്, വിജയരാഘവൻ എന്നിവരാണ് മറ്റു താരങ്ങൾ.
നവംബർ 16ന് ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പുലിമുരുകൻ, മധുരരാജ എഴുത്തുകാരൻ ഉദയകൃഷ്ണയാണ്. 18കോടിയോളം വരുന്ന ബജറ്റിലാണ് ചിത്രമൊരുക്കുന്നത്. 60ദിവസത്തേക്കുള്ള ഷെഡ്യൂളാണെന്ന് ബി ഉണ്ണിക്കൃഷ്ണൻ ടൈംസ് ഓഫ് ഇന്ത്യയോട് അറിയിച്ചു.
ഗ്രാമീണപശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണെങ്കിലും മോഹൻലാൽ മാസ് ചിത്രത്തിനുണ്ടാവേണ്ടുന്ന ചേരുവകളെല്ലാം ചിത്രത്തിലുണ്ടാവും. കോവിഡ് 19 പ്രോട്ടോക്കോളുകളനുസരിച്ച് മലയാളത്തിൽ ചിത്രീകരിക്കുന്ന സിനിമകൾ വളരെ കുറച്ച് അണിയറക്കാരാണ് ഉണ്ടാവുകയെങ്കിലും ഈ ചിത്രത്തിന് സ്റ്റണ്ട് കൊറിയോഗ്രാഫറുണ്ടാവുമെന്നും ഫൈറ്റ് മാസ്റ്ററും അവരുടെ അസിസ്റ്റന്റ്സും ഏഴ് ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷമാവും ജോയിൻ ചെയ്യുകയെന്നും സംവിധായകന് അറിയിച്ചു. തെലുഗിലും ബോളിവുഡിലും ആക്ഷന്രംഗങ്ങളുള്ള സിനിമ ചിത്രീകരിക്കുന്നതിനെടുക്കുന്ന എല്ലാവിധ പ്ലാനിംഗും ഈ സിനിമയ്ക്കുമെടുക്കും.
2021 ഓണം റിലീസായി പ്ലാൻ ചെയ്യുന്ന സിനിമയിൽ ശ്രദ്ധ ശ്രീനാഥ് റവന്യൂ ഡിവിഷണൽ ഓഫീസറായെത്തുന്നു.