ബോളിവുഡ് നടി കങ്കണ റണാവത്ത് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ബയോപികില്‍ ജയലളിതയായെത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എഎല്‍ വിജയ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. തലൈവി എന്നാണ് സിനിമയുടെ പേര്. സിനിമയുടെ കാസ്റ്റിംഗ് ഉള്‍പ്പെടെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാഘട്ടത്തിലേക്കെത്തുകയാണ്, ഒക്ടോബറില്‍ സിനിമ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. തമിഴ് കൂടാതെ ഹിന്ദിയില്‍ ജയ എന്ന പേരിലും സിനിമ ഒരുക്കുന്നു.

പുതിയതായി പുറത്തുവരുന്ന വാര്‍ത്തകള്‍ അരവിന്ദ് സ്വാമി സിനിമയില്‍ എംജിആര്‍ ആയെത്തുന്നുവെന്നാണ്. എംജിആറും ജയലളിതയും നിരവധി സിനിമകളില്‍ ഒന്നിച്ചിട്ടുണ്ട്. എംജിആര്‍ ആണ് ജയലളിതയെ രാഷ്ട്രീയത്തിലേക്കെത്തിച്ചതും.എന്നാല്‍ അരവിന്ദ് സ്വാമി സിനിമയിലെത്തുന്നുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ജയലളിത ബയോപിക് തിരക്കഥ ഒരുക്കുന്നത് ബാഹുബലി എഴുത്തുകാരന്‍ കെവി വിജയേന്ദ്ര പ്രസാദും രജത് അറോറയും ചേര്‍ന്നാണ്. കങ്കണ ഇതിനോടകം തന്നെ സിനിമയ്ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. തമിഴ് ഭാഷയിലും ക്ലാസികല്‍ ഡാന്‍സിലുമെല്ലാം താരം പരിശീലനം നടത്തുകയാണിപ്പോള്‍. നീരവ് ഷാ ചിത്രത്തിന്റെ ക്യാമറയും മ്യൂസിക് ജിവി പ്രകാശും ഒരുക്കും. ആന്റണി ആണ് എഡിറ്റിംഗ്.

Published by eparu

Prajitha, freelance writer