വിക്രം അജയ് ഗ്നാനമുത്തു എന്ന സംവിധായകനൊപ്പമെത്തുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. 7സ്ക്രീന്‍ സ്റ്റുഡിയോയും, വയാകോം 18 സ്റ്റുഡിയോയും ചേര്‍ന്നാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമ നിര്‍മ്മിക്കുന്നത്. സംഗീതജ്ഞന് ഏആര്‍ റഹ്മാനെ സിനിമയില്‍ സംഗീതമൊരുക്കാന്‍ അണിയറക്കാര്‍ ഏല്പിച്ചുവെന്നതാണ് പുതിയ വാര്‍ത്തകള്‍. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിച്ച് ഏപ്രില്‍ 2020ന് തിയേറ്ററുകളിലേക്കെത്തിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
ഏആര്‍ മുരുഗദോസിന്റെ മുന്‍ അസോസിയേറ്റ് ആയിരുന്നു സംവിധായകന് ഗ്നാനമുത്തു. ഡീമോന്റെ കോളനി, ഇമൈക്ക നോടികള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്. നയന്‍താര, അനുരാഗ് കശ്യപ്, അഥര്‍വ മുരളി എന്നിവര്‍ ഒരുമിച്ചെത്തിയ ഇമൈക്ക നോടികള്‍ വന്‍ ഹിറ്റായിരുന്നു. ഇമൈക്ക നോടികള്‍ പോലെ വിക്രം ചിത്രവും ത്രില്ലര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കടാരം കൊണ്ടേന്‍ റിലീസ് കാത്തിരിക്കുകയാണ് വിക്രം. രാജേഷ് എം സെല്‍വ ഒരുക്കുന്നു സിനിമ ജൂലൈ 19ന് റിലീസ് ചെയ്യുകയാണ്. അദ്ദേഹത്തിന്റെ ഏറെ നാളായുള്ള ഗൗതം മേനോന് സിനിമ ധ്രുവനച്ചിതറം പൂര്‍ത്തിയാക്കാനുണ്ട്. ഇതിഹാസചിത്രം മഹാവീര്‍ കര്‍ണ്ണ തുടങ്ങാനിരിക്കുന്നു. മണിരത്നം ചിത്രം പൊന്നിയിന്‍ ശെല്വത്തിലും വിക്രം എത്തുന്നു.