Categories
Film News

അപ്പാനി ശരത് തിരക്കഥാക്കൃത്ത് ആകുന്നു

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ സിനിമാലോകത്തേക്കെത്തിയ അപ്പാനി ശരത് തുടര്‍ന്ന് വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമണ്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ സിനിമകളിലും എത്തി. തമിഴ് സിനിമകളിലും ചെറിയ വേഷങ്ങളിലെത്തി. ചെക്ക ചിവന്ത വാനം, സണ്ടക്കോഴി 2 എന്നിവയായിരുന്നു സിനിമകള്‍. സീ5 ഒറിജിനല്‍ വെബ്‌സീരീസ് ഓട്ടോ ശങ്കറിലും താരമെത്തി.

ചാരം എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെ തിരക്കഥാരചനയിലേക്കും താരം കടന്നിരിക്കുകയാണ്. നവാഗതനായ ജോമി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. കഥയും തിരക്കഥയും കൂടാതെ ശരത് സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. സിനോജ വര്‍ഗ്ഗീസ്, സെല്‍വ പാണ്ഡ്യന്‍, രാജേഷ് ശര്‍മ്മ എന്നിവരാണ് മറ്റു താരങ്ങള്‍.

ചാരം സംഭാഷണം ഒരുക്കുന്നത് മനു എസ് പ്ലാവില, സിനിമാറ്റോഗ്രാഫര്‍ നിതിന്‍ ധവാന്‍, എഡിറ്റര്‍ നിഖില്‍ ശ്രീകുമാര്‍ സംഗീതം ലീല എല്‍ ഗിരീഷ് കുട്ടന്‍ എന്നിവരാണ് അണിയറയില്‍. സെന്റ് മരിയ പ്രൊഡക്ഷന്‍സ് ബാനറില്‍ സംവിധായകന്‍ ജോമി തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്. സെപ്തംബര്‍ ആദ്യവാരം ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്.