നടന് സണ്ണി വെയ്ന്റെ പിറന്നാളാണിന്ന്. ഈ ദിവസത്തെ കൂടൂതല്‍ സ്പെഷല്‍ ആക്കുന്നതിനായി താരത്തിന്റെ അടുത്ത സിനിമയുടെ അണിയറക്കാര്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. അനുഗ്രഹീതന്‍ ആന്റണി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ പൃഥ്വിരാജ് സുകുമാരന്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടു.
പ്രൊമോകള്‍ നല്കുന്ന സൂചനകളനുസരിച്ച ചിത്രം ഒരു റൊമാന്റിക് കോമഡിയാണ്. സണ്ണിവെയ്ന് ടൈറ്റില്‍ കഥാപാത്രമായെത്തുമ്പോള്‍ ഗൗരി കിഷന് നായികയാകുന്നു. ഇവരോടൊപ്പം സിദ്ദീഖ്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന് ആചാരി, സുരാജ് വെഞ്ഞാറമൂട്, ബൈജു, മുത്തുമണി എന്നിവരും സഹതാരങ്ങളായെത്തുന്നു. അണിയറയില്‍ ഒരുകൂട്ടം പുതുമുഖങ്ങളെത്തുന്നു. നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ നവീന്‍ ടി മണിലാലിന്റേതാണ്. ജിഷ്ണു ആര് നായരന്‍, അശ്വിന് പ്രകാശ് എന്നിവരുടേതാണ് കഥ.
സെല്‍വകുമാര്‍ സിനിമാറ്റോഗ്രാഫര്‍, അര്ജ്ജുന് ബെന്‍ എഡിറ്റിംഗ്, മ്യൂസിക് ഡിപ്പാര്‍ട്ട്മെന്റ് അരുണ്‍ മുരളീധരന്. എം ഷിജിത് ലക്ഷ്യ എന്റര്ടെയ്ന്മെന്റ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.