ആന്റണി വര്‍ഗ്ഗീസ് തുടരെ തുടരെ ചിത്രങ്ങളില്‍ കരാറാവുകയാണ്. അഞ്ചോളം പ്രൊജക്ടുകള്‍ ഇതിനോടകം തന്നെ താരത്തിന്റേതായുണ്ട്. അടുത്തിടെ താരം ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ടിനു പാപ്പച്ചന്റെ അജഗജാന്തരം എന്ന സിനിമയിലാണിപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്. ഷെബിന്‍ ബക്കര്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നിര്‍മ്മാതാക്കളില്‍ ഒരാളുടെ ചിത്രത്തില്‍ താരം അടുത്തിടെ കരാറായിട്ടുണ്ട്.
ഷോര്‍ട്ട് ഫിലിം സര്‍ക്കിളുകളില്‍ വളരെ പരിചിതനായിട്ടുള്ള വിനീത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. തിരക്കഥ ഒരുക്കുന്നതും ഒരു പുതുമുഖമാണ്, വരുണ്‍ ധാര. ഷെബിനൊപ്പം, ഗിരീഷ് എഡി, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സംവിധായകന് പുതിയ സിനിമയുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നു. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികപ്രഖ്യാപനത്തോടൊപ്പം പ്രതീക്ഷിക്കുന്നു.
വിനീത് വാസുദേവന്‍ ഒരുക്കിയ ശ്രദ്ധേയമായ ഷോര്‍ട്ട് ഫിലിമുകളാണ് നിലം, വീഡിയോ മരണം എന്നിവ. ഈ വര്‍ഷത്തെ ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കും, മികച്ച തിരക്കഥയ്ക്കുമുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയ വേലി ആണ് ഏറ്റവും പുതിയ ഷോര്‍ട്ട് ഫിലിം. 2019ലെ സൈമ ഷോര്‍ട്ട് ഫിലിം അവാര്‍ഡ്സില്‍ മികച്ച സംവിധായകനായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.