ടൊവിനോ തോമസിന്റെ ആന്റ് ദ ഓസ്കാര്‍ ഗോസ് ടു തിയേറ്ററുകളിലേക്കെത്തുകയാണ് ഈ മാസം അവസാനത്തോടെ. അതിനു മുന്നോടിയായി കാനഡയിലെ ആല്‍ബര്‍ട്ടാ ഫിലിം ഫെസ്റ്റിവലില്‍ സിനിമയുടെ ഗ്ലോബല്‍ പ്രീമിയര്‍ നടന്നിരിക്കുകയാണ്. സിനിമയുടെ സംവിധായകന് സലീം അഹമ്മദ് ചടങ്ങിന്റെ ഫോട്ടോകള്‍ തന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. സ്ക്രീനിംഗിനു മുമ്പ് അദ്ദേഹത്തെ നാച്ചുറല്‍ റിസോഴ്സസ് ഫെഡറല്‍ മിനിസ്റ്റര്‍ അമര്‍ജീത് സോഹി, എംപി ആദരിക്കുകയുമുണ്ടായി. ഫിലിം ഫെസ്റ്റിവലില്‍ നാല് അവാര്‍ഡുകളും ചിത്രം കരസ്ഥമാക്കി, ബെസ്റ്റ് ഫിലിം, ബെസ്റ്റ് ആക്ടര്‍, ബെസ്റ്റ് ഡയറക്ടര്‍, ബെസ്റ്റ് സപ്പോര്‍ട്ടിംഗ് ആക്ട്രസ് എന്നിവയാണ് പുരസ്കാരങ്ങള്‍.
ഒരു സിനിമ അതിന്റെ സംവിധായകനെ ഓസ്കാര്‍ വേദിയിലെത്തിക്കുന്ന ഒരു പ്രചോദനപരമായ കഥയാണ് സിനിമ പറയുന്നത്. ടൊവിനോ യുവ സംവിധായകനായി സിനിമയിലെത്തുന്നു. സംവിധായകന് സലീം അഹമ്മദ് നിരവധി സിനിമാപ്രവര്‍ത്തകരുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ടൊവിനോ വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരു ഇന്റര്‍നാഷണല്‍ ഫിലിം തികച്ചും കൊമേഴ്സ്യലി ചെയ്തിരിക്കുന്ന സിനിമയാണ് ആന്റ് ദ ഓസ്കാര്‍ ഗോസ് ടു. അദ്ദേഹത്തോടൊപ്പം സിനിമയില്‍ വളരെ നല്ല ഒരു സഹതാരനിര തന്നെയുണ്ട്. സിദ്ദീഖ്, അനു സിതാര, ലാല്‍, ശ്രീനിവാസന്, സലീം കുമാര്‍, സറീന വഹാബ്, അപ്പാനി ശരത് എന്നിവര്‍.
അണിയറയിലുള്ളത് പ്രശസ്ത ഛായാഗ്രാഹകന്‍ മധു അമ്പാട്ട്, സംഗീത സംവിധായകന് ബിജിപാല്‍, സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി എന്നിവരാണ്. അലന് മീഡിയ , കനേഡിയന്‍ മൂവി കോര്‍പ്പുമായി ചേര്‍ന്ന് സിനിമ അവതരിപ്പിക്കുന്നു.