Categories
Film News

ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു ട്രെയിലര്‍ നാളെയെത്തും

ടൊവിനോ തോമസ് നായകനായെത്തുന്ന ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു അടുത്താഴ്ച തിയേറ്ററുകളിലേക്കെത്തുകയാണ്. അതിന് മുന്നോടിയായി അണിയറക്കാര്‍ സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.സിനിമയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ട്രയിലര്‍ റിലീസ് ചെയ്യും. മലയാള സിനിമ ആരാധകര്‍ സലീം അഹമ്മദ് എന്ന സംവിധായകനെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

അടുത്തിടെ സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആല്‍ബര്‍ട്ട കാനഡയില്‍ നടന്നിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ സിനിമയ്ക്ക് വളരെ നല്ല പ്രതികരണം ലഭിക്കുകയും ചെയ്തു. കൂടാതെ നാല് പുരസ്‌കാരങ്ങളും ഫെസ്റ്റിവലില്‍ ചിത്രം സ്വന്തമാക്കി.നല്ല നടന്‍, നല്ല സംവിധായകന്‍, നല്ല സിനിമ, നല്ല സഹനടി എന്നിവയ്ക്ക്.

ഒരു സിനിമ അതിന്റെ സംവിധായകന്‍ ഓസ്‌കാര്‍വേദിയിലെത്തിക്കുന്നതാണ് ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു പറയുന്നത്. ടൊവിനോ ചിത്രത്തില്‍ പാഷനബിള്‍ ആയിട്ടുള്ള യുവസംവിധായകന്റെ വേഷത്തിലെത്തുന്നു. സംവിധായകന്‍ സലീം അഹമ്മദ് നിരവധി സിനിമാക്കാരുടെ ജീവിതത്തെ പഠിച്ചാണ് തന്റെ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പം ചിത്രത്തില്‍ സിദ്ദീഖ്, അനു സിതാര, ലാല്‍, ശ്രീനിവാസന്‍, സലീം കുമാര്‍, സറീന വഹാബ്, അപ്പാനി ശരത് എന്നിവരുമുണ്ട്.

പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ മധു അമ്പാട്ട്, മ്യൂസിക് ഡയറക്ടര്‍ ബിജിപാല്‍, സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി എന്നിവരാണ് അണിയറയില്‍. അലന്‍ മീഡിയ കനേഡിയന്‍ മൂവി കോര്‍പ്പുമായി ചേര്‍ന്ന് സിനിമ അവതരിപ്പിക്കുന്നു. ജൂണ്‍ 21ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.