Categories
Film News

അല്ലു അർജ്ജുൻ – ഫഹദ് ഫാസിൽ ചിത്രം പുഷ്പ രണ്ട് ഭാ​ഗങ്ങളിലായി റിലീസ് ചെയ്യും

അല്ലു അർജ്ജുൻ ചിത്രം പുഷ്പ ഏറെ പ്രതീക്ഷകളോടെ ഒരുക്കുന്നത്. താരത്തിന്റെ ആദ്യ പാൻ ഇന്ത്യൻ സിനിമയാണിത്. തെലു​ഗ്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. സംവിധായകൻ സുകുമാർ ആക്ഷൻ മാസ് എന്റർടെയ്നറായാണ് ചിത്രമൊരുക്കുന്നത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ഒരു വർഷമായി നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ കാരണങ്ങളാൽ ചിത്രീകരണം വൈകുകയാണ്. നിലവിൽ കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരിക്കുകയാണ്.

പുതിയതായി ചിത്രത്തെ കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് പുഷ്പ രണ്ട് ഭാ​ഗങ്ങളിലായി റിലീസ് ചെയ്യാനാണ് അണിയറക്കാർ ആലോചിക്കുന്നത്. 160 കോടിയോളം ബജറ്റിൽ സിനിമ ഒരുക്കാനാണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും നിലവിൽ ബജറ്റ് 250കോടിയോളമെത്തിയിട്ടുണ്ട്. ഇനിയും 45ദിവസത്തെ ജോലി ബാക്കിയുണ്ടെന്നാണ് വിവരം.

കാര്യങ്ങൾ അണിയറക്കാർ വിചാരിച്ച പോലെ നടന്നാൽ പുഷ്പ : പാർട്ട് 1 ഒക്ടോബറിലോ, ഡിസംബർ പകുതിയോടെയോ റിലീസ് ചെയ്യാനാവും. യഥാർത്ഥ തീയ്യതി ചിത്രീകരണം പൂർത്തിയാക്കിയ ശേഷം മാത്രമേ അണിയറക്കാർ പുറത്തുവിടൂ. അടുത്ത വേനലവധിക്കായിരിക്കും രണ്ടാംഭാ​ഗം തുടങ്ങുന്നത്.

പുഷ്പയിൽ വില്ലൻ വേഷത്തിലെത്തുന്നത് മലയാളി താരം ഫഹദ് ഫാസിലാണ്. താരം സെറ്റിൽ ജോയിൻ ചെയ്ത് ദിവസങ്ങൾക്കകം തന്നെ ടീമിന് കോവിഡ് രണ്ടാംതരം​ഗത്തെ തുടർന്ന് ചിത്രീകരണം നിർത്തേണ്ടതായി വന്നു. രശ്മിക മന്ദാന, പ്രകാശ് രാജ്, ജ​ഗപതി ബാബു, ഹരീഷ് ഉത്തമൻ, വെണ്ണല കിഷോർ, അനസൂയ ഭരദ്വാജ്, അനീഷ് കുരുവിള എന്നിവർ സഹതാരങ്ങളായെത്തുന്നു.