Categories
Film News

ഐശ്വര്യ ലക്ഷ്മി തെലുഗിലേക്ക്, ആദ്യ ചിത്രം ഗോഡ്സേ

മലയാളിതാരം ഐശ്വര്യ ലക്ഷ്മി തെലുഗിൽ അരങ്ങേറുന്നു. ഗോഡ്സെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ അരങ്ങേറ്റം. സത്യദേവ് നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഗോപി ഗണേഷ് പട്ടാഭി ആണ്. ബ്ലഫ് മാസ്റ്റർ വിജയത്തിന് ശേഷം സംവിധായകനും നടനും വീണ്ടും ഒന്നിക്കുകയാണ് ഗോഡ്സെയിൽ. ഗോഡ്സെ നിർമ്മിക്കുന്നത് സി കല്യാണ് ആണ്. ആക്ഷൻ ത്രില്ലർ സിനിമയാണെന്നാണ് അറിയുന്നത്. നാസർ, ബ്രഹ്മാജി, ആദിത്യ മേനോൻ, കിഷോർ എന്നിവരും സിനിമയിലുണ്ട്.

ഐശ്വര്യ ലക്ഷ്മി മലയാളത്തിലിന്ന് മുൻപന്തിയിലുള്ള താരം ആണ്. കാണെക്കാണെ എന്ന പുതിയ സിനിമയുടെ ചിത്രീകരണം താരം അടുത്തിടെ പൂർത്തിയാക്കി. ഐശ്വര്യയുടെ സോളോ ലീഡ് സിനിമ അർച്ചന 31 നോട്ട് ഔട്ട് , അഖിൽ അനിൽ കുമാർ സംവിധാനം ചെയ്യുന്ന സിനിമയും പൂർത്തിയാക്കിയിട്ടുണ്ട്. രണം സംവിധായകൻ നിര്‍മ്മൽ സഹദേവിന്‍റെ രണ്ടാമത്തെ സിനിമ കുമാരിയിലും ഐശ്വര്യയാണ് പ്രധാനകഥാപാത്രമാവുന്നത്. മാര്‍ച്ചിൽ ചിത്രീകരണം തുടങ്ങുമെന്നാണറിയുന്നത്. ബിസ്മി സ്പെഷൽ, ആദ്യനായകൻ നിവിൻ പോളിക്കൊപ്പം വീണ്ടുമെത്തുന്ന സിനിമയും താരത്തിന്‍റേതായുണ്ട്.

ഐശ്വര്യ ഇപ്പോൾ ഹൈദരാബാദിൽ മണിരത്നം ചിത്രം പൊന്നിയിൻ ശെൽവൻ ലൊക്കേഷനിലാണ്. താരത്തിന്‍റെ മറ്റൊരു തമിഴ് സിനിമ ജഗമേ തന്തിരം റിലീസിനൊരുങ്ങുന്നു. ധനുഷ് നായകനായെത്തുന്ന കാർത്തിക് സുബ്ബരാജ് ചിത്രം.