സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ സിനിമയില്‍ ധനുഷും, മലയാളിതാരം ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളായെത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുകെയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഐശ്വര്യ ചിത്രീകരണത്തിനായി യുകെയിലേക്കെത്തിയിരിക്കുകയാണിപ്പോള്‍. കോളിവുഡില്‍ അവരുടെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യചിത്രം ആക്ഷന്‍, വിശാല്‍, തമന്ന ടീമിനൊപ്പമെത്തിയത് റിലീസ് ചെയ്യാനിരിക്കുകയാണ്.

കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ സിനിമ ഒരു ഗാങ്സ്റ്റര്‍ ത്രില്ലര്‍ ആണ്. ഐശ്വര്യയെ കൂടാതെ മറ്റൊരു മലയാളിതാരം കൂടി ചിത്രത്തിലുണ്ട്. ജോജു ജോര്‍ജ്ജ്, ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം നേടിയ താരം ആദ്യമായി തമിഴിലേക്കെത്തുകയാണ് ഈ ചിത്രത്തിലൂടെ. ഹോളിവുഡില്‍ നിന്നുമുള്ള ഒരു പ്രമുഖതാരവും ചിത്രത്തിലുണ്ടാവും.

പേട്ട ഒഴികെ കാര്‍ത്തിക് സുബ്ബരാജിന്റെ മറ്റു സിനിമകളിലെല്ലാം ഒന്നിച്ച സന്തോഷ് നാരായണന്‍ ആണ് പുതിയ സിനിമയിലും സംഗീതമൊരുക്കുന്നത്. ശ്രേയ കൃഷ്ണ ക്യാമറ, വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് എന്നിവരാണ് അണിയറയിലെ മറ്റുള്ളവര്‍. എസ് ശശികാന്ത് വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

Published by eparu

Prajitha, freelance writer