കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യമാണ്. സാധാരണ അവസ്ഥയിലേക്ക് എപ്പോള്‍ തിരികെയെത്താനാവുമെന്നറിയാത്ത അവസ്ഥയാണ്. നിരവധി വലിയ സിനിമകള്‍ ലോകത്താകെ നേരിട്ട് ഒടിടി റിലീസിന് തയ്യാറായിരിക്കുകയാണ്.
ബോളിവുഡില്‍ ഗുലാബോ സിതാബോ ആമസോണിലൂടെ നേരിട്ടെത്തിയ ആദ്യസിനിമയാണ്. വിദ്യ ബാലന്റെ ശകുന്തള ദേവി, ജാഹ്നവി കപൂര്‍ സിനിമ ഗുഞ്ജന്‍ സക്സേന: ദ കാര്‍ഗില്‍ ഗേള്‍, എന്നിവ ഉടന്‍ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യാനിരിക്കുകയാണ്.
ഇന്ത്യന്‍ വിപണിയിലെ പ്രമുഖ ഒടിടി പ്ലെയര്‍ ഹോട്ട്സ്റ്റാര്‍ ഏഴ് പുതിയ ബോളിവുഡ് സിനിമകളുടെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുകയാണ്. പ്രീമിയര്‍ ചെയ്യാനിരിക്കുന്ന ആദ്യ സിനിമ സുശാന്ത് രജ്പുത്- സഞ്ജന സാംഗി ടീമിന്റെ ദില്‍ ബേചാര ആണ്. മുകേഷ് ചബ്ര ഒരുക്കിയിരിക്കുന്ന സിനിമ ജൂലൈന് റിലീസ് ചെയ്യുകയാണ്. ലക്ഷ്മി ബോംബ്, ബുജ് ദ പ്രൈഡ് ഓഫ് ഇന്ത്യ, സടക്-2 , ബിഗ് ബുള്‍, ഖുദ ഹാദിസ്, ലൂട്കേസ് എന്നിവയാണ് മറ്റു സിനിമകള്‍.
അക്ഷയ് കുമാര്‍- കിയാര അദ്വാനി എന്നിവര്‍ പ്രമുഖ കഥാപാത്രങ്ങളായെത്തുന്ന ലക്ഷ്മി ബോംബ് ഈ വര്‍ഷത്തെ ഏറെ പ്രതീക്ഷകളുള്ള സിനിമയാണ്. രാഘവ ലോറന്‍സ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ തമിഴ് ബ്ലോക്ബസ്റ്റര്‍ സിനിമ കാഞ്ചനയുടെ ഒഫീഷ്യല്‍ റീമേക്കാണ്. ബുജ് ദ പ്രൈഡ് ഓഫ് ഇന്ത്യ, അജയ് ദേവ്ഗണ്, സഞ്ജയ് ദത്ത്, സൊനാക്ഷി സിംഹ, പ്രണിത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് ദുദൈയ്യ ആണ്.
സടക് 2 ഒരു മള്‍ട്ടി സ്റ്റാറര്‍ സിനിമയാണ്. ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍, സഞ്ജയ് ദത്ത്, പൂജ ബട്ട്, എന്നിവര്‍ മുഖ്യകഥാപാത്രങ്ങളാകുന്നു. മഹേഷ് ബട്ട് സിനിമ ഒരുക്കിയിരിക്കുന്നു. ദ ബിഗ് ബുള്‍ അഭിഷേക് ബച്ചന്, ഇല്യാന എന്നിവരുടേതാണ്. ഖുദ ഹാഫിസ് വിദ്യുത് ജംവാല്‍, ഷിവലീക ഒബ്റോയ് എന്നിവരുടേത്. ഫാറൂഖ് കബീര്‍ സംവിധാനം ചെയ്തിരിക്കുന്നു. കുനാല്‍ കേമു, രസിക ദുഗാല്‍, രണ്‍വീര്‍ ഷോരി എന്നിവരെത്തുന്ന സിനിമയാണ് ലൂട്കേസ്.