Categories
Film News

ലൂസിഫര്‍ ട്രയിലര്‍ എത്താന്‍ കുറച്ച് സമയം മാത്രം ബാക്കി

ലൂസിഫര്‍, നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ റിലീസ് ചെയ്യാന്‍ ഇനി ഏതാനും ദിവസം മാത്രം ബാക്കി. മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയ നേതാവായാണെത്തുന്നത്. സിനിമയുടെ ട്രയിലര്‍ ഇന്ന് രാത്രി 9മണിക്ക് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുകയാണ് അണിയറക്കാര്‍. ഇത് കൂടാതെ 22ന് അബുദാബിയിലെ ദല്‍മാ മാളില്‍ വച്ച് ട്രയിലര്‍ റിലീസിംഗ് ചടങ്ങും നടത്തുന്നുണ്ട്. ചടങ്ങില്‍ മോഹന്‍ലാല്‍, മുരളി ഗോപി, ടൊവിനോ,പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരും പങ്കെടുക്കുന്നു.

കഴിഞ്ഞ ദിവസം ലൂസിഫര്‍ യു സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിരുന്നു. 2മണിക്കൂര്‍ 48മിനിറ്റാണ് സിനിമയ്ക്ക് ദൈര്‍ഘ്യം. പൊളിറ്റിക്കല്‍ ത്രില്ലറാണ് സിനിമ. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, വിവേക് ഒബ്‌റോയ്, നൈല ഉഷ, ഫാസില്‍, സാനിയ അയ്യപ്പന്‍ തുടങ്ങി നീണ്ട ഒരു താരനിര തന്നെ സിനിമയിലുണ്ട്.അടുത്തിടെ സോഷ്യല്‍മീഡിയയിലൂടെ സംവിധായകന്‍ പൃഥ്വിരാജ് നടത്തിയ ഒരു ഇന്ററാക്ഷന്‍ സെഷനില്‍ സിനിമയില്‍ ഒരു വലിയ സര്‍പ്രൈസ് ഉണ്ടായിരിക്കുമെന്ന് അറിയിച്ചുരുന്നു. അബുദാബിയില്‍ വച്ചുള്ള ട്രയിലര്‍ റിലീസിംഗില്‍ അത് പരസ്യമാക്കുമെന്നും സംവിധായകന്‍ അറിയിക്കുകയുണ്ടായി. സസ്‌പെന്‍സുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും ഇറങ്ങുന്നുണ്ട്, തമിഴ് നടന്‍ വിജയ് സേതുപതി ലൂസിഫറില്‍ ക്യാമിയോ റോളില്‍ പ്രത്യക്ഷപ്പെടുമെന്നതാണ് ഒരു വാര്‍ത്ത. എന്താണ് സത്യമെന്നറിയാന്‍ 22വരെ കാത്തിരിക്കാം.

അണിയറക്കാര്‍ മൂന്നു ഭാഷകളില്‍- മലയാളം, തമിഴ്,തെലുഗ്, 1500 തിയേറ്ററുകളിലായി സിനിമ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്. മോഹന്‍ലാലിന്റെ സ്വന്തം ബാനറായ ആശിര്‍വാദ് സിനിമാസ് ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.