Categories
Film News

ഇന്ദ്രജിത് സുകുമാരന്‍ ഗൗതം മേനോനൊപ്പം

2019 ഇന്ദ്രജിത്തിന് നല്ല നല്ല വേഷങ്ങളാണ് സമ്മാനിക്കുന്നത്. ഇപ്പോള്‍ തന്നെ നിരവധി നല്ല പ്രൊജക്ടുകളുടെ ഭാഗമാണ് താരം. സഹോദരന്‍ പൃഥ്വിരാജിന്റെ ലൂസിഫര്‍, ആഷിഖ് അബുവിന്റെ വൈറസ്, രാജീവ് രവി ചിത്രം തുറമുഖം എന്നിവയാണ് താരത്തിന്റെ നിലവിലെ സിനിമകള്‍. മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമകളാണ് എല്ലാം. ഇവ കൂടാതെ തമിഴില്‍ വളരെ പ്രത്യേകതകളുള്ള പ്രൊജക്ടിന്റെ ഭാഗമായി ഇന്ദ്രജിത് എത്തുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രശസ്ത സംവിധായകന്‍ ഗൗതം മേനോനൊപ്പം താന്‍ എത്തുന്നുവെന്ന് താരം അറിയിച്ചിരുന്നു. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള വെബ്‌സീരീസ് ആണെന്നാണ്് അറിയുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇതിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. രമ്യ കൃഷ്ണന്‍ ചിത്രത്തില്‍ ജയലളിതയായെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ദ്രജിത് എംജിആര്‍ ആയാണ് എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇന്ദ്രജിത് തന്റെ ഭാഗങ്ങളുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയതായാണ് വിവരം.

ഗൗതം മേനോന്‍ വെബ്‌സീരീസ് ഒരുക്കാന്‍ കാരണം ജയലളിതയുടെ ജീവിതം കേവലം മൂന്നു മണിക്കൂറുള്ള ഒരു സിനിമയാക്കി ചിത്രീകരിക്കാന്‍ സാധ്യമല്ല എന്നതിനാലാണ്.റിപ്പോര്‍ട്ടുകളനുസരിച്ച് സീരീസ് 20 എപ്പിസോഡുകളുള്ളതാണ്. ഒരു ലീഡിംഗ് പ്രൊഡക്ഷന്‍ ഹൗസ് ആണ് പ്രൊജക്ടിനു പിന്നിലുള്ളത്. സീരീസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ട്രയിലര്‍ റിലീസിംഗോടെ നടത്താനിരിക്കുകയാണ്.